ഇടുക്കി: ചിന്നക്കനാലിൽ പത്ത് ഹെക്ടറോളം വരുന്ന സ്ഥലത്തെ കൈയേറ്റം ഒഴിപ്പിച്ച് വനം വകുപ്പ്. ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലാണ് കൈയേറ്റം നടന്നത്. ഇവിടെ അടിക്കാടുകൾ വെട്ടിത്തെളിച്ച് ഏലത്തൈകൾ നട്ടിരുന്നു. ഇത് വനം വകുപ്പ് പറിച്ചു നീക്കി.
വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ കനത്ത ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഫെൻസിംഗ് സ്ഥാപിച്ചിരുന്നു. ഇത് വനംവകുപ്പ് അഴിച്ചു നീക്കി. അഞ്ചു പേർ ചേർന്നാണ് ഭൂമി കൈയേറി കൃഷി നടത്തിയത്.
56.36 ഹെക്ടറാണ് ചിന്നക്കനാൽ റിസർവിനായി നീക്കിട്ടിരിക്കുന്ന ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലുള്ളത്. ദേവികുളം റേഞ്ച് ഓഫീസർ ഇ.ഡി. അരുൺകുമാറിന്റെയും ചിന്നക്കനാൽ സ്പെഷ്യൽ വില്ലേജ് ഓഫിസർ മുന്നസാരി ലാലിന്റെയും നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്.